15 July, 2025 09:24:00 AM


തിരുവനന്തപുരത്ത് കാണാതായ വയോധിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; പ്രതി പിടിയിൽ



തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. 

സ്ഥിരമായി പള്ളികൾ സന്ദർശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്നാട്ടിൽ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെൽവേലിയിൽ വച്ച് സഹായം നടിച്ച് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

വയോധികയെ കാണാതായതിന് പിന്നാലെ തന്നെ കുടുംബം നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ വർക്കല ഭാഗത്ത് കാണാതായ വയോധികയെ അവസാനമായി കണ്ടുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മൃതദേഹം തിരുനെൽവേലിയിൽ കണ്ടെത്തിയെന്ന് തമിഴ്നാട് പോലീസ് ആണ് കേരള പോലീസിനെ വിവരം അറിയിക്കുന്നത്. തിരുനെൽവേലിയിലെ ഒരാളൊഴിഞ്ഞ പറമ്പിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ സ്വാഭാവിക മരണം എന്നതാണ് പോലീസും കരുതിയിരുന്നത്. പക്ഷേ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഈ സംഭവത്തിൽ തിരുനെൽവേലി സ്വദേശിയായ വിപിൻരാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ തിരുനെൽവേലിയിൽ വെച്ച് പ്രതി സഹായം വാഗ്ദാനം ചെയ്ത് വയോധികയ്ക്ക് ഒപ്പം കൂടി എന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. തിരുനെൽവേലി സ്റ്റാൻഡിൽ ഇറക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും അവിടെ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നതാണ് പോലീസ് പറയുന്ന കാര്യം.

പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നതാണ് പോലീസ് നൽകുന്ന വിശദീകരണം. നിലവിൽ തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ നടക്കും. ബന്ധുക്കൾ ഇന്നലെ രാത്രി തിരുനെൽവേലിയിലേക്ക് തിരിച്ചു. നിലവിൽ തമിഴ്നാട് പോലീസിന്റെ അന്വേഷണ പരിധിയിലാണ് കേസ് ഉള്ളതെങ്കിൽ കൂടിയും നെയ്യാർ ഡാം പോലീസും സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K