09 July, 2025 10:39:51 AM


ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടി കൂടിയത് സാഹസികമായി; ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്



തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി. 

മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു എന്ന് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ മൊഴി നൽകി. ജസ്റ്റിൻ രാജിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ എട്ടരയോടെ നടക്കും. പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.

കേസിൽ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷ്, ഡൽഹി സ്വദേശി ദിൽകുമാർ എന്നിവരെ അടിമലത്തുറയിൽ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. അമിത മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇടപ്പഴഞ്ഞിയിലെ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലാണ് ജസ്റ്റിന്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K