08 July, 2025 04:08:28 PM
ഹോം വർക്ക് ചെയ്യാത്തതിന് അടിച്ചു; അധ്യാപകരെ സ്കൂളിൽ കയറി തല്ലി വിദ്യാർഥിയുടെ കുടുംബം

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.