30 June, 2025 09:50:27 AM


മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ചു: പത്തു വയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ച പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു. സാഗര്‍പൂർ ഏരിയയിലാണ് സംഭവം. നാല്‍പ്പതുകാരനായ പിതാവാണ് മകനെ കുത്തിക്കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് ദാദാ ദേവ് ആശുപത്രിയില്‍ കുത്തേറ്റ നിലയില്‍ ഒരു കുട്ടിയെ കൊണ്ടു വന്നിട്ടുളളതായി പൊലീസിന് ഫോണ്‍ കോള്‍ വന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.

മഴയത്ത് കളിക്കാന്‍ പോകണമെന്ന് കുട്ടി നിരന്തരം വാശിപിടിച്ചതോടെ കുപിതനായ പിതാവ് അടുക്കളയില്‍ പോയി കത്തിയെടുത്ത് വന്ന് കുട്ടിയെ കുത്തുകയായിരുന്നു. പത്തുവയസുകാരന്റെ ഇടത് വാരിയെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. കുത്തിയ ഉടന്‍ തന്നെ ഇയാള്‍ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി നാല് മക്കളോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചു. നാല് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു മരിച്ച കുട്ടി. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K