28 June, 2025 10:59:59 AM
വാഹനത്തിൻ്റെ മുൻ സീറ്റിൽ ഇരിക്കുന്നതിൽ തർക്കം; ഡൽഹിയിൽ പിതാവിനെ മകൻ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ വാഹനത്തിൻ്റെ മുൻ സീറ്റ് നിഷേധിച്ചതിൽ പിതാവിനെ മകൻ വെടിവെച്ചു കൊന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതായി കുടുംബം വാടകയ്‌ക്കെടുത്ത വാഹനത്തിൽ മുൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.
പ്രതിയായ ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയപ്പോഴാണ് റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുരേന്ദ്രനെ കണ്ടെത്തിയത്. ഉടനെ തന്നെ എച്ച്ആർഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിയുണ്ട ഇടതു കവിളിൽ തുളച്ചുകയറിയതായും മുഖത്ത് ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതായും പൊലീസ് പറഞ്ഞു.
ആറ് മാസം മുമ്പ് സിഐഎസ്എഫിൽ നിന്ന് സുരേന്ദ്ര സിംഗ് വിരമിച്ചതിന് ശേഷം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് കുടുംബവുമായി മാറാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.