20 June, 2025 02:55:12 PM


മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; 21കാരിയായ അമ്മ അറസ്റ്റിൽ



പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. അവിവാഹിതയായ 21കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. മെഴുവേലി ഇലവുംതിട്ട പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

21 കാരിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിൻ്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വീട്ടിലെ ശുചിമുറിയിൽ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിൾകൊടി മുറിച്ച് നീക്കാൻ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയിൽ വീണു. ഈ വീഴ്ചയിൽ കുഞ്ഞിന്‍റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ വലിച്ചെറഞ്ഞപ്പോൾ പറ്റിയ ക്ഷതമെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റാകാം പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ. വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള സുഹൃത്താണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നൽകിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും.

രക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ജനിച്ചയുടൻ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ എറിഞ്ഞെന്നുമാണ് യുവതി മൊഴി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K