31 May, 2025 12:13:35 PM


അയലത്തെ കുട്ടികളോടൊപ്പം കളിച്ച മക്കളെ സാത്താൻ കയറിയെന്ന് പറഞ്ഞ് തല്ലിയ പാസ്റ്റർ അറസ്റ്റിൽ



കന്യാകുമാരി: അയൽ വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് സാത്താൻ കയറിയെന്ന് പറഞ്ഞ് എട്ടുമാസം ഉൾപ്പെടെയുമള്ള മൂന്നു കുട്ടികളെ കെട്ടിയിട്ട് തല്ലിയ പാസ്റ്റർ അറസ്റ്റിൽ. കേസിൽ കരുങ്കൽ പുല്ലത്തുവിളയിലെ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കിങ്സിലി ഗിൽബർട്ട്‌-സജിനി ദമ്പതിമാരുടെ ആറും മൂന്നും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് മർദനിരയായ മറ്റ് രണ്ട് മക്കൾ.

കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്സ്‌ലി മടങ്ങിയെത്തിയപ്പോൾ ഇവർ അയൽ‌വീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടാണ് ഇയാൾ പ്രകോപിതനായത്. തുടർന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന സ്കിപ്പിങ് റോപ് ഉപയോ​ഗിച്ച് ഇയാൾ കുട്ടികളെ മർദിക്കുകയായിരുന്നു.

രാത്രിയിൽ കുട്ടികളുടെ നിർത്താതെയുള്ള നിലവിളി കേട്ട് അയൽവാസികൾ കിങ്സിലിയുടെ വീട്ടിലെത്തിയെങ്കിലും കതക് പൂട്ടിയ നിലയിലായിരുന്നു. പാസ്റ്ററെ വിളിച്ചിട്ടും കതക് തുറക്കാതായതോടെയാണ് അയൽക്കാർ കരുങ്കൽ പൊലീസിൽ വിവരം അറിയിച്ചത്. പോലീസെത്തി കതകു തുറന്നപ്പോൾ മൂന്ന് കുട്ടികളെയും കയറിൽ കെട്ടിയിട്ടനിലയിലാണ് കണ്ടത്. കുട്ടികളുടെ ദേഹത്ത് അടിച്ച പാടുകളുമുണ്ടായിരുന്നു.

പൊലീസ് എത്തിയപ്പോൾ കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലായിരുന്നു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവം നടക്കുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K