15 May, 2025 07:43:41 PM


ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച് മാതാവ്



കാസർകോട്: കാമുകനെ വീഡിയോകോൾ ചെയ്യുന്നതിനിടെ ശല്യം ചെയ്ത പത്തുവയസ്സുകാരനായ മകനെ ചായപ്പാത്രം ഉപയോ​ഗിച്ച് പൊള്ളിച്ച് മാതാവ്. അമ്മ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് പത്തു വയസ്സുകാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മകനെ അടുപ്പിൽ വെച്ച് ചൂടാക്കിയ ചായപാത്രം ഉപയോ​ഗിച്ച് അമ്മ പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ കീക്കാനം വില്ലേജിലെ യുവതിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

കുട്ടിയെ ഉപദ്രവിച്ച ശേഷം പിതാവ് ഉൾപ്പെടെ ആരോടും പറയരുതെന്ന് മാതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു ബന്ധുക്കൾ വിവരം അറിഞ്ഞതോടെ യുവതി നാട് വിടുകയായിരുന്നു. തയ്യൽ കടയിലേക്ക് എന്ന് പറഞ്ഞു പോയ യുവതി കാമുകനൊപ്പം കടന്നു കളഞ്ഞു എന്നാണ് ഭർത്താവിന്റെ ആരോപണം. സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാൻ മകൻ ആവശ്യപ്പെടുകയും ഈ വിവരം അച്ഛനോട് പറയുമെന്നും കുട്ടി പറഞ്ഞിരുന്നു.

തുടർന്ന് പത്ത് വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് കുട്ടികൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ യുവതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. യുവതിക്കായി തിരച്ചിൽ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K