29 April, 2025 10:47:17 AM


കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: ദുരൂഹത



ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കടൽതീരത്ത്  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനഡയില്‍ നാലു ദിവസം മുമ്പ് കാണാതായ പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചു.

എഎപി നേതാവും എംഎല്‍എ കുല്‍ജിത് സിങ് രണ്‍ധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദര്‍ സിങ്ങിന്റെ മകളാണ് വന്‍ഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വന്‍ഷിക, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ രണ്ടര വര്‍ഷം മുമ്പ് ഒട്ടാവയില്‍ എത്തിയത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങള്‍ നല്‍കുമെന്നും അവര്‍ ഉറപ്പു നല്‍കി.

'ഇന്ത്യയില്‍ നിന്നുള്ള വന്‍ഷിക എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. മരണം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. പൊലീസ് വിദ്യാര്‍ത്ഥിനിയുടെ മരണ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി പ്രാദേശിക അധകാരികളുമായി ബന്ധപ്പെടുകയാണ്' ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K