12 March, 2025 09:47:30 AM


യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം; 33 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ



കൊച്ചി: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി യുവാവിന്റെ പക്കൽ നിന്ന് പണം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓൺലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.

പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്. വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോ കറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.

ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് മറ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് ഇയാൾ പണം തട്ടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K