21 December, 2024 09:03:39 AM


ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി: രണ്ട് മരണം, 60 പേർക്ക് പരിക്ക്



ബെർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തിൽ കാർ ഓടിച്ചു കയറ്റിയത് 50കാരനായ സൗദി പൗരൻ. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. 68 പേർക്ക് സംഭവത്തിൽ പരിക്കുണ്ടെന്നാണ് വിവരം. ഇവരിൽ 15 പേരുടെ നില ഗുരുതരമായി തുടരുന്നു.

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെ ഈസ്റ്റേൺ ജർമനിയിലെ മഗ്‍ഡെബർഗ് നഗരത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറിയ കറുത്ത ബിഎംഡബ്ല്യൂ കാർ ഓടിച്ചിരുന്നത് അൻപത് വയസുകാരനായ സൗദി പൗരനാണെന്ന് അധികൃതർ അറിയിച്ചു. മ്യൂണിക് രജിസ്ട്രേഷനുള്ള കാർ ഇയാൾ വാടതയ്ക്ക് എടുത്തതാണെന്നും കണ്ടെത്തി. സൗദി പൗരനെ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ആക്രമണ സാധ്യത ഇതുവരെ അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല.

കാർ ഓടിച്ചിരുന്ന സൗദി ഡോക്ടർ 2006 മുതൽ ജർമനിയിൽ താമസിക്കുന്നയാളാണ്.  ഇയാൾ ഒരൊറ്റയാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റെവിടെയും പ്രശ്ന സാധ്യത നിലനിൽക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ കാർ ആളുകളെ ഇടിച്ചിട്ടുകൊണ്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. നിലവിൽ ഈ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K