14 November, 2026 11:41:56 AM
കട്ടപ്പനയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ മലമുകളിൽനിന്ന് പാറക്കൂട്ടം ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു. ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു അപകടം. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മലമുകളിൽനിന്ന് വലിയ പാറക്കൂട്ടം അടർന്നുവീഴുകയായിരുന്നു. പാറക്കൂട്ടം താഴേക്ക് പതിക്കുന്നത് കണ്ട് ബെന്നി ഓടിമാറാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഏറെ ശ്രമകരമായാണ് പാറയ്ക്കടിയിൽനിന്ന് ബെന്നിയെ പുറത്തെടുത്തത്. മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശം കൂടിയാണിത്. അപകടത്തെത്തുടർന്ന് സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് പൊലീസ് നിയന്ത്രിച്ചു. മേഖലയിൽ ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തേക്ക് ആളുകൾ കടക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.


