23 November, 2026 09:47:31 AM
അടിമാലിയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; 25കാരി നിരീക്ഷണത്തിൽ

അടിമാലി: ഇടുക്കി അടിമാലിക്ക് സമീപം തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പൊലീസ് നിഗമനം. തോക്കുപാറ സ്വദേശിയായ 25 വയസുകാരി പോലീസ് നിരീക്ഷണത്തിൽ. നിലവിൽ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തോക്കുപാറ സൗഹൃദഗിരിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പൊലീസ് പുരയിടത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള യുവതിയെ വെള്ളത്തൂവൽ പൊലീസ് നിരീക്ഷിക്കുകയാണ്. മാസമുറയെ തുടർന്നുണ്ടായ രക്തസ്രാവമാണെന്നാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ ഇത് പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞു. യുവതി ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ചതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതോടെ വിവരം ആശുപത്രി അധികൃതർ വെള്ളത്തൂവൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
താൻ പ്രസവിച്ചിട്ട് അധിക സമയമായിട്ടില്ലെന്ന് യുവതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നും, കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി യുവതി സമ്മതിച്ചതായും സൂചനയുണ്ട്. യുവതി അവിവാഹിതയാണെന്നാണ് വിവരം. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 25കാരിയെ ചോദ്യം ചെയ്തെങ്കിലേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


