02 September, 2026 05:52:51 PM


മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യം



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്നും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉപാധിയുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. 

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനില്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനില്‍ പറഞ്ഞത്. വഴിയില്‍ വാഹനം നിര്‍ത്തി മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നുവെന്നും അനില്‍ പറഞ്ഞിരുന്നു. കേസില്‍ ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് ചുമത്തിയത്. അനിലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917