09 July, 2026 11:49:11 AM


'മീന്‍ പൊരിച്ചതില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍. കന്റോണ്‍മെന്റ് പൊലീസ് കാന്റീനാണ് കോര്‍പ്പറേഷന്‍ പൂട്ടിയത്. മീന്‍ ഫ്രൈയില്‍ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പൊലീസുകാരന്‍ വാങ്ങിയ പാഴ്‌സലിലാണ് ചത്ത അട്ടയെ കണ്ടത്. കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കരാറുകാരോട് നേരിട്ട് ഹാജരാകാന്‍ കോർപ്പറേഷൻ നിര്‍ദേശം നൽകി. കാന്റീനിലെ ഭക്ഷണത്തെക്കുറിച്ച് നേരത്തെയും പരാതികളുയര്‍ന്നിരുന്നു. എന്നാൽ കാന്റീന്‍ പൊലീസുകാരുടെ ഏക ആശ്രയമായതിനാല്‍ പലരും പരാതി പറയാന്‍ മടിക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ പൊലീസുകാരന്‍ ചോറിനൊപ്പം കഴിക്കാനായി ഒരു പൊരിച്ച മീന്‍ വാങ്ങുകയായിരുന്നു. വീടെത്തി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് മീന്‍ ഫ്രൈയ്‌ക്കൊപ്പം ചത്ത അട്ടയെ കൂടി കണ്ടത്. ഈ കാന്റീനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ പ്രധാന ആശ്രയമായ കാന്റീനെതിരെ പറയാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ കോര്‍പ്പറേഷന്‍ അധികൃതര്‍ കാന്റീനിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. ഉടനടി ഭക്ഷണശാല പൂട്ടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K