07 July, 2026 10:00:32 AM


കൊച്ചിയിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ 2 വർഷമായി ലൈംഗികാതിക്രമം: 76കാരൻ അറസ്റ്റിൽ



കൊച്ചി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 76-കാരൻ അറസ്റ്റിൽ. പള്ളുരുത്തി കൊല്ലശ്ശേരി റോഡിൽ താമസിക്കുന്ന മുഹമ്മദ് സാലിയെയാണ് പള്ളുരുത്തി പോലീസ് പിടികൂടിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി പ്രതി കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സൈക്കിളിൽ പോകുന്ന വഴിയിലാണ് പ്രതി ആദ്യമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതേ പ്രദേശത്തുതന്നെ താമസിക്കുന്ന മുഹമ്മദ് സാലി പിന്നീട് പലതവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഭയം കാരണം കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം വഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി വീണ്ടും സമീപിക്കുകയും, മുൻപ് നടന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ച് മോശമായി സംസാരിച്ച് ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. ഇതോടെ ഭയന്നുപോയ കുട്ടി വിവരം ഉടൻ തന്നെ അമ്മയെ അറിയിച്ചു. തുടർന്ന് കുടുംബം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K