06 July, 2026 03:47:00 PM


തിരുവനന്തപുരത്ത് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ചു



തിരുവനന്തപുരം :തോട്ടിൽ മാലിന്യം നിക്ഷേപിച്ച സംഘത്തെ തടയാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ചു. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിലാണ് സംഭവം. സെൻട്രൽ തിയേറ്ററിന് മുന്നിൽ ഇന്ന് പുലർച്ചെ നാലിനാണ് സുരേഷിനെ ഓട്ടോറിക്ഷ ഇടിച്ചുതെറുപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുരേഷ് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. 

അക്രമ സംഘത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സുരേഷിനെ സന്ദർശിച്ച ശേഷം മേയർ വി വി രാജേഷ് പറഞ്ഞു. ആമയിഴഞ്ചാൻ തോടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന് അറിഞ്ഞതിനാലാണ് കോർപ്പറേഷൻ ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയത്. രണ്ട് പേരാണ് പരിശോധിക്കാനായി എത്തിയത്. പിന്നാലെ മാലിന്യവുമായി ഒരു ഓട്ടോ സ്ഥലത്തേക്ക് വന്നിരുന്നു. ഇത് തടയുകയും ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് പറയുകയും ചെയ്തു. തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ ജീവനക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930