15 June, 2026 02:20:04 PM
പ്രിയദർശിനി യാത്രയ്ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം വീണു

കൊല്ലം: പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു.
ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ നിലവിളിയോടെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്.




