09 June, 2026 10:12:44 AM


നടക്കാനിറങ്ങിയ 18 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊണ്ടു​പോ​യി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിലെ ചാക്കിനുള്ളിൽ



ദിബ്രുഗഢ് : അസമിൽ പ്രഭാത നടത്തത്തിനിടെ തട്ടിക്കൊണ്ടുപോയ 18കാരിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ചാക്കിനുള്ളിൽ നിന്നും കണ്ടെത്തി. നടക്കാൻ ഇറങ്ങിയതിനിടെ അജ്ഞാതരായ പ്രതികൾ കൗമാരക്കാരിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. അസമിലെ ദിബ്രുഗഢ് ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നടക്കാൻ പോയ 18 കാരിയെ കാണതായതോടെ കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ അസാധാരണമായ നിലയിൽ കാണപ്പെട്ട ബാഗ് യാത്രക്കാരൻ കാണുകയും റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ചാക്കിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യുവതിയെ രക്ഷപ്പെടുത്തി. വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കി.

സംഭവത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ദിബ്രുഗഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ദിബ്രുഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് അഭിജിത് ദിലീപ് പറഞ്ഞു. 18കാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കാരണം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K