27 May, 2026 05:14:24 PM
ലൈംഗിക പീഡന പരാതി: കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ പോലീസിൽ കീഴടങ്ങി. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പോലീസിൽ പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്.
ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. യുവതി മുമ്പ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം പൂർണമായും തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ബലാത്സംഗം, എസ്സി, എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു. മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.



