28 October, 2025 09:25:22 AM


സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് എറണാകുളത്ത്



കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി കോളറ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ കോളറ മൂലം മരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടനാട് തലവടി സ്വദേശിയായ 48കാരന്‍ ഈ വര്‍ഷം മേയില്‍ മരിച്ചത് കോളറ ബാധിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം കോളറ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940