05 November, 2025 12:39:13 PM
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുള്ള വയോധികനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.
പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കാലിലെ പരിക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന് ഇതുവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ എത്തി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം ഏഴ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം ഇതുവരെ 160 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും 36 മരണങ്ങൾ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവ്വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.




