14 October, 2025 11:13:27 AM


വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കടയ്ക്കലിൽ 58 കാരിക്ക് രോഗം സ്ഥിരീകരിച്ചു



കൊല്ലം: കടയ്ക്കലിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുറ്റിക്കാട് സ്വദേശിനിയായ 58 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് 58 കാരി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. പിന്നീട് രോഗം കൂടുതലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതേ പ്രദേശത്ത് ഇപ്പോൾ രണ്ട് തവണയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇന്നലെയാണ്‌ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന ആൽത്തറമൂട് സ്വദേശി മരിച്ചത്. സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

അതേസമയം, സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ തുടരുകയാണ്. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 108 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 24 മരണവും റിപ്പോർട്ട് ചെയ്തു. ഒന്നരമാസത്തിനിടെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പതിനഞ്ച് മരണമാണ് ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306