16 May, 2026 09:05:27 AM
തിരുവനന്തപുരത്ത് പൊലീസുകാരനെ സഹപ്രവർത്തകൻ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിച്ച് സഹപ്രവർത്തകൻ. തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷിനെ അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അൻസാറിനാണ് കുത്തേറ്റത്. ചെവിക്കാണ് പരിക്കേറ്റത്. അയൽവാസിയായ പൊലീസുകാരന്‍റെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അനീഷ് വഴക്കുണ്ടാക്കുന്നുവെന്ന് 112-ൽ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വിഷയത്തിൽ ഇടപെടുന്നതിനിടെ പ്രകോപിതനായ അനീഷ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.




