09 May, 2026 01:53:31 PM


ഹൈദരാബാദിൽ മുൻ ​ഐപിഎസ് ഉദ്യോ​ഗസ്ഥന്‍റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ



ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കേഡറിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റായിയുടെ ഭാര്യ തനുജ രഞ്ജനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പ്രസാശൻ നഗറിലുള്ള വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തനുജയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.  ഒരു വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിനിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം വീട്ടിലുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി അവർ ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് തനുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തനുജയെ ബോധരഹിതയായി നിലത്ത് കിടക്കുന്നതായി കണ്ടെത്തി. വായിൽ രക്തം പുരണ്ട തുണി തിരുകിക്കയറ്റിയ നിലയിലായിരുന്നു. കൈകാലുകൾ കെട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് തനുജയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുണ്ടുകൾ മുറിഞ്ഞനിലയിലായിരുന്നു. കൈമുട്ടുകളിൽ കെട്ടിയ പാടുകളും, നാവിന്റെ അഗ്രഭാഗത്ത് കടിയേറ്റ പരിക്കും കണ്ടെത്തിയിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി ഒരാഴ്ച മുമ്പാണ് റായി ബെംഗളൂരുവിലേക്ക് പോയത്. വീട്ടിൽ തനുജയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303