25 April, 2026 04:53:10 PM
തൃശൂരില്‍ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

തൃശൂർ: മാള പുത്തൻചിറയിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബപ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം.
വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ഇന്ന് രാവിലെ ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.




