09 April, 2026 09:07:08 AM


കാട്ടാക്കടയിലെ നവജാത ശിശുവിൻ്റേത് കൊലപാതകം; കുറ്റസമ്മതം നടത്തി അമ്മ



തിരുവനന്തപുരം: കാട്ടാക്കട പുഴനാട്ടെ നവജാതശിശുവിൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് അമ്മ. കുഞ്ഞിനെ താനാണ് കൊന്നതെന്ന് കുഞ്ഞിന്റെ അമ്മ ഷംന പൊലീസിൽ മൊഴി നൽകി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തു എന്നും ഷംന മൊഴി നൽകി. സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നവജാതശിശുവിൻ്റെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. പുറത്തുപോയിരുന്ന ഭര്‍ത്താവ് അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന.

ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. അല്‍ത്താഫ് തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഷംനയേയും കുഞ്ഞിനേയും കാണുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് ഷംനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു.

സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം കാട്ടാക്കട പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷംന ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അല്‍ത്താഫ് മൊഴി നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930