04 April, 2026 04:02:56 PM
യുവനടിയുടെ ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇതിനിടെ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. റിപ്പോർട്ടിൽ രഞ്ജിത്തിൻ്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് പറയുന്നു.
തൊടുപുഴയിൽനിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡില്‍ എറണാകുളം സബ്‍ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനില്‍ എത്തിച്ചു തെളിവെടുക്കണമെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന രഞ്ജിത്തിനെ ചോദ്യം ചെയ്യാനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഗുരുതര കുറ്റമാണ് നടന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ജനുവരിയിലാണ് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസിപി അശ്വതി ജിജിയുട മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.




