01 April, 2026 04:05:50 PM


തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി- ഹൈക്കോടതി



കൊച്ചി: തെരഞ്ഞെടുപ്പുകളിലെ അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി വിമർശിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വമെന്നും അത് തടയണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. വോട്ടിങ് മെഷീനില്‍ തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി വി എന്നാണ് എന്നാല്‍ ജനങ്ങള്‍ അറിയുന്നത് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടിങ് മെഷീനില്‍ അഞ്ജലി പി വി എന്നതിനു പകരം അഞ്ജലി നായര്‍ എന്നാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303