30 March, 2026 09:24:04 AM


ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി; 19കാരനെ കുത്തിക്കൊന്ന് യുവാക്കൾ



കൊല്ലം: ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്‌ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മര്‍ദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യന്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ലോട്ടില്‍ എല്‍ഇഡി കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

കുത്തിയ പ്രതികള്‍ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്‌ലോട്ട് കടന്നു പോയ ശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. അവിടെയെത്തിയ തേജസിന്റെ സഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, എസ്‌ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാന്‍സാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലര്‍ച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K