05 February, 2026 12:31:27 PM


തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു



തിരുവനന്തപുരം: കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. മനുവെന്ന ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിൽ ചവിട്ടുകയായിരുന്നു. മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു.കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയതിന് ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ആന വിഷ്ണുവിനെ വെള്ളത്തിൽ മുക്കിവെച്ചതായി വിവരമുണ്ട്. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K