13 January, 2026 02:27:21 PM
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. 15 വൈകിട്ട് കോടതിയില്‍ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിലനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും.
രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ രാഹുല്‍ അറസ്റ്റ് നോട്ടീസില്‍ ഒപ്പിടാത്തത് എന്താണെന്ന് കോടതി തിരിച്ച് ചോദിച്ചു. അറസ്റ്റിനെ താന്‍ തടഞ്ഞിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പൊലീസ് തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം ഏറെ നേരം കസ്റ്റഡിയില്‍ വെച്ചെന്നും രാഹുല്‍ പറഞ്ഞു.
തനിക്കെതിരായ പ്രതികാര നടപടിയാണ് ഇത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് താനല്ല. അതുകൊണ്ട് ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ട കാര്യമില്ല. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
വിശദമായ ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി പരിഗണിച്ച കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ച് വരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതാണ് രാഹുലിനെതിരായ കേസ്.




