10 January, 2026 06:23:29 PM
തന്ത്രിയെ അറസ്റ്റ് ചെയ്തത് സിപിഎം നേതാക്കളെ രക്ഷിക്കാൻ: പ്രതിഷേധം ഏറുന്നു

കോട്ടയം: ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരരിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു. മുൻമന്ത്രിയും ദേവസ്വം ബോർഡ് അംഗങ്ങളും ഉൾപ്പെട്ട സി പി എം നേതാക്കളെ രക്ഷിക്കാൻ തന്ത്രിയെ കരുവാക്കിയതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനും തീരുമാനം എടുക്കാനുമാകില്ല എന്നതാണ് വസ്തുത. എന്നാൽ ശബരിമല വിഷയത്തിൽ അനുഞ്ച കൊടുത്ത തന്ത്രി അറസ്റ്റിലും ഉത്തരവിൽ ഒപ്പിട്ട ബോർഡ് അംഗവും അന്നത്തെ മന്ത്രിയുൾപ്പെടെയുള്ള നേതാക്കളും വെളിയിലും നിൽക്കുന്നത് സർക്കാരിൻ്റെ കള്ളത്തരം വെളിപ്പെടുത്തുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം.
തന്ത്രി രാജീവരുമായി അടുത്ത് പരിചയമുള്ള എല്ലാവരും തന്നെ ഇദ്ദേഹത്തിനെതിരെയുളള കുറ്റാരോപണം തള്ളികളയുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റുമാനൂർ സ്വദേശിയും മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളുമായ ജിഷ്ണു നാരായണൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഈ അവസരത്തിൽ ഏറെ ചർച്ചയാകുകയാണ്. ഇദ്ദേഹത്തിൻ്റെ പോസ്റ്റ് ചുവടെ.
"കഴിഞ്ഞ കുറെ വർഷങ്ങളായി തന്ത്രിയെ നേരിട്ട് അറിയാവുന്ന ആളെന്ന നിലയിൽ പറയട്ടെ, ഈ നീക്കങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാവാനേ വഴിയുള്ളു. കാരണം എന്തെന്നാൽ ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങൾ തന്ത്രി അല്ല നോക്കുന്നത് എന്നതിനാലും / തീരുമാനം എടുക്കാൻ ആവില്ല എന്നതിനാലും. കുറച്ചുകൂടി പരാത്തി പറഞ്ഞാൽ അനുഞ്ച കൊടുത്ത തന്ത്രി അറസ്റ്റിൽ, ഉത്തരവിൽ സൈൻ ചെയ്ത ബോർഡ് അംഗം വെളിയിൽ.
പൂജാദി കാര്യങ്ങൾ കൃത്യതയുണ്ടോ , ലോഭമുണ്ടോ എന്ന കാര്യങ്ങൾ ആണ് താന്ത്രികമായി കൈകാര്യം ചെയ്യേണ്ടുന്നവ.
ശബരിമല , ഏറ്റുമാനൂർ ഉൾപ്പെടെയുള്ള മഹാ ക്ഷേത്രങ്ങളിൽ ഭരണപരമായ ഒരു കാര്യത്തിലും അദ്ദേഹം ഇടപെടാൻ പോവാറുമില്ല, അതിനു കഴിയാറുമില്ല, അതെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് നേതൃത്വo ആണ് നടത്തുന്നത്.
ആചാരപരമായ കാര്യങ്ങൾ ഒഴികെ തീരുമാനങ്ങൾ എല്ലാം എടുക്കുന്നത് ഭരണപരമായാണ്, അദ്ദേഹത്തോട് അതിന്റെ അഭിപ്രായം മാത്രമാണ് ചോദിക്കുന്നത്.
ആചാരപരമായ അകത്തെ കാര്യങ്ങൾ മാത്രമാണ് അദ്ദേഹം നേതൃത്വം നൽകുന്നത്, അതിനെ സാധിക്കു എന്ന് ക്ഷേത്രവുമായി അടുത്ത് നിൽക്കുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
ഇങ്ങനെ ആചാര്യന്മാരും ഈ കാര്യങ്ങളിൽ പെട്ടിട്ടുണ്ട് എന്ന് വരുത്തിയാൽ പാർട്ടിക്കും, ഇതിൽ പെട്ടവർക്കും ഒരു ബലം ആകുമല്ലോ എന്നതാവാം കാരണം.
ഇനി പരികർമ്മി ആയി വരുന്നവർ എങ്ങനെ ഉള്ളവർ ആണ് എന്നുള്ളത്. പല ബന്ധങ്ങൾ/ അടുപ്പങ്ങൾ ഉപയോഗിച്ച് വരുന്നവർ ഉണ്ടാവും. അവരെ എല്ലാം എപ്പോഴും ശ്രദ്ധിക്കുക എന്നതും സാധ്യമാവുന്ന കാര്യമല്ല. ചിലർ കുറെ നാൾ കൂടെ നിന്ന് മാറുന്നവരും ഉണ്ടാവാം.
ഈ സംഭവം സൂചിപ്പിക്കുന്നത് അത് കുറച്ചുകൂടി കൃത്യതയും / ശ്രദ്ധയും ഉണ്ടാവണം എന്ന കാര്യവും അടിവരയിടുന്നു.
എല്ലാം തെളിയുന്നത് വരെ അയ്യനോട് പ്രാർത്ഥിക്കാം.
സ്വാമി അയ്യപ്പൻ എല്ലാം തെളിയിക്കട്ടെ,
തീരുമാനിക്കട്ടെ.
സ്വാമി ശരണം."
അതേസമയം, തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.




