08 January, 2026 03:25:01 PM
17കാരിയായ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകന് സസ്പെൻഷൻ

ന്യൂഡല്‍ഹി: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻഡ് ചെയ്തത്. 17 വയസുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫരീദാബാദ് പൊലീസ് കേസെടുത്തു. ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിങ് മത്സരത്തിനിടെയാണ് സംഭവം. ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞ് പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുറിയിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 17 കാരിയായ താരത്തിന്റെ പരാതിയിലുണ്ട്.
എൻ.ഐ.ടി. ഫരീദാബാദിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നൽകിയത്. സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ഫരീദാബാദ് പൊലീസ് സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു.
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 13 ദേശീയ ഷൂട്ടിങ് പരിശീലകരിൽ ഒരാളാണ് അങ്കുഷ് ഭരദ്വാജ്. പരാതിയെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് സസ്പെൻഡ് ചെയ്തു.




