02 January, 2026 10:32:03 AM
പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി; ഇൻഡോറിൽ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഇൻഡോർ: മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയത്. ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികളുടെ മകനാണ് അതിദാരുണമായി മരിച്ചത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. ഡിസംബർ 26നാണ് കുഞ്ഞിന് പനിയും വയറിളക്കവും ബാധിച്ചത്. ഉടൻ തന്നെ അവ്യാന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗാവസ്ഥയിൽ കുറവുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ലഭിച്ചത്. എന്നാൽ തിരികെ വീട്ടിലെത്തി ഒരു ദിവസം പിന്നിട്ടതോടെ കുഞ്ഞിന് പനി കലശലായി. രാവിലെ ആശുപത്രിയിൽ കാണിക്കാമെന്ന ധാരണയിൽ മാതാപിതാക്കൾ മരുന്ന് നൽകി കാത്തിരുന്നു. പുലർച്ചയോടെ വയറിളക്കവും ഛർദ്ദിയും രൂക്ഷമായി അവ്യാൻ മരണപ്പെടുകയായിരുന്നു.




