01 January, 2026 12:38:59 PM


യുവാക്കള്‍ക്കിടയില്‍ എയ്ഡ്‌സ് വര്‍ധിക്കുന്നു; കൊച്ചിയിൽ മസാജ് സെന്‍ററുകള്‍ക്ക് നിയന്ത്രണം ഏർപെടുത്തും - മേയര്‍



കൊച്ചി: കേരളത്തിലെ യുവാക്കൾക്കിടയിൽ എയ്ഡ്സ് രോഗം വർധിക്കുന്നുവെന്ന് കൊച്ചി മേയർ വി.കെ. മിനിമോള്‍. അഞ്ചാറു വർഷമായിട്ട് കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണെന്നും ഇവരിൽ നല്ലൊരു ശതമാനവും 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മേയർ പറഞ്ഞു.

യുവാക്കൾക്കിടയിൽ എയ്ഡ്സ് രോഗം വർദ്ധിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന അതിഭീകരമായൊരു കണക്ക് കയ്യില് കിട്ടിയിട്ടുണ്ട്. അത് നമ്മള് കാണാതെ പോകരുത്. ഇത്തരം കാര്യങ്ങളിൽ നമ്മൾ മാറി ചിന്തിക്കേണ്ട സമയമാണെന്നും ആണും പെണ്ണും ഒന്നിച്ച്‌ ഇരിക്കുന്നതിലോ ഒന്നിലും നമ്മൾ ആരും ഇടപെടുന്നില്ലെന്നും മേയർ പറഞ്ഞു.

ഇങ്ങനെ കാണുമ്പോൾ ഇപ്പുറത്ത് വേറെ ഒരു സൈഡ് കൂടിയുണ്ട് എന്നത് നമ്മള് അവരെ ബോധ്യപ്പെടുത്തണം. സംഭവിച്ച് കഴിഞ്ഞ് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചാറു വർഷമായിട്ട് കേരളത്തിൽ എയ്ഡ്സ് കൂടിയവരുടെ എണ്ണം കൂടുതലാണ്.  18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിൽ ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ വർധിച്ചു വരുന്ന സ്പാ സെന്ററുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേയർ.

കൊച്ചിയിലെ മസാജ് സെന്ററുകളുടെ പ്രവർത്തനങ്ങളൊക്കെ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ അടച്ചു പൂട്ടാന് പറ്റുന്ന കാര്യങ്ങളല്ല. ഇനി മസാജ് സെന്ററുകൾക്ക് ലൈസൻസ് നല്കുന്ന കാര്യത്തിൽ കൃത്യമായ നിയന്ത്രണം ഉണ്ടാകും - എന്ന് മേയർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K