31 December, 2025 12:36:29 PM


ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധം; അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്‌ഐടി. വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. കേസില്‍ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുള്ളതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്ന് കണ്ടതായി അടൂര്‍പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറം ചില ബന്ധങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍പ്രകാശിന് ഉള്ളതായാണ് എസ്‌ഐടിയുടെ സംശയം. ഈ പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി അടൂര്‍ പ്രകാശിന് ഏതെങ്കിലും തരത്തില്‍ നേരിട്ട് ബന്ധമുള്ളതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കേസില്‍ ഹൈക്കോടതി മുന്‍പാകെ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്ന സമയത്ത് തന്നെ അടൂര്‍പ്രകാശിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. താന്‍ ആറ്റിങ്ങല്‍ എംപിയായതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വന്നു കാണുന്നത്. ആ പരിചയമാണ് പോറ്റിയുമായുള്ളതെന്നാണ് അടൂര്‍ പ്രകാശ് വിശദീകരിച്ചത്. അതിന് ശേഷം താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന്റെ വഴി ഉപയോഗിച്ച് സ്വയം നേടിയെടുത്തു. അങ്ങനെ സോണിയ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയില്‍ വന്ന സമയത്ത് തന്റെയൊപ്പം വരാമോ എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ചോദിച്ചു വിളിച്ചു. ഇതനുസരിച്ച് പോയി കണ്ടു. ഇതിനപ്പുറം പോറ്റിയുമായി ബന്ധങ്ങളില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി നല്‍കിയത് താനല്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് അന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നീക്കം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923