30 December, 2025 11:32:23 AM


മുംബൈയില്‍ കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇടി​ച്ചു​ ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു



മുംബൈ: നിയന്ത്രണംവിട്ട ബസ് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാല് മരണം. മുംബൈയിലെ പൊതുഗതാഗത സേവനമായ ബെസ്റ്റ് ബസ്സാണ് അപടത്തില്‍പെട്ടത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ബന്ദൂപില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ബസ് പിന്നോട്ടെടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബസിന്റെ നിയന്ത്രണം നഷ്ടമാകാനുള്ള കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത ബസ് ശൃംഖലകളിലൊന്നാണ് ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ്). അവസാന സ്‌റ്റോപ്പില്‍ എത്തിയ ശേഷം റിവേഴ്‌സ് എടുക്കുന്നതിനിടെയായിരുന്നു അപകടം. ബസ് ഡ്രൈവറേയും ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307