10 November, 2025 07:32:21 PM
മൈസൂരുവിൽ സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. സ്കൂൾ വളപ്പിൽ വച്ച് മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ചത്.
താൻ നാല് വർഷമായി പീഡനം സഹിക്കുകയാണെന്ന് ആക്രമണത്തിന് ഇരയായ കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പണം, മൊബൈൽ ഫോൺ എന്നിവ നിർബന്ധിച്ച് കൈക്കലാക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒക്ടോബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ കുട്ടികൾ വിദ്യാർത്ഥിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. "രണ്ട് പേർ എൻ്റെ കൈകൾ പിടിച്ചു, ഒരാൾ എൻ്റെ സ്വകാര്യ ഭാഗത്ത് രണ്ട് തവണ ചവിട്ടി," പരിക്കേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം ആരംഭിച്ചതെന്നും, ക്ലാസ് ലീഡർ എന്ന നിലയിൽ അവരുടെ തെറ്റുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ അവർ തന്നെ മർദ്ദിക്കുകയായിരുന്നു എന്നും കുട്ടി വ്യക്തമാക്കി. ആക്രമണം സംബന്ധിച്ച് അമ്മ അധ്യാപകനോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.




