10 November, 2025 09:30:21 AM


മൂന്നാറിൽ വീണ്ടും സഞ്ചാരികളെ ആക്രമിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ



തൊടുപുഴ: മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. മദ്യലഹരിയില്‍ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ് സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. പത്തു ദിവസത്തിനിടയില്‍ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണ സംഭവമാണിത്.

ഇന്നലെ ഉച്ചക്കഴിഞ്ഞ് ജിഎച്ച് റോഡിലാണു സംഭവം. കോയമ്പത്തൂര്‍ അരവക്കുറിച്ചി എംഎല്‍എ ആര്‍ ഇളങ്കോയുടെ മകളും ഭര്‍ത്താവും മറ്റു രണ്ടു ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ സുരേന്ദ്രന്‍ ഓടിച്ചിരുന്ന ഓട്ടോ ഇടിച്ചു. മദ്യലഹരിയിലായിരുന്ന സുരേന്ദ്രന്‍ പുറത്തിറങ്ങി സ്ത്രീകളെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി. പുറത്തിറങ്ങിയ എംഎല്‍എയുടെ മരുമകന്‍ കെ അരവിന്ദ് രാജിനെ ഇയാള്‍ കഴുത്തിനു പിടിച്ച് ആക്രമിക്കുകയും കല്ലുകൊണ്ട് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947