04 November, 2025 12:24:34 PM
നടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ, തെലുങ്ക് സീരിയല്‍ നടിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍. സ്വകാര്യ കമ്പനി ജീവനക്കാരന്‍ നവീന്‍ കെ മോന്‍ ആണ് അറസ്റ്റിലായത്. പല തവണ വിലക്കിയിട്ടും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്‌തെന്നാണ് പരാതി.
ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തിട്ടും പ്രതി അശ്ലീല സന്ദേശം അയക്കുന്നത് തുടരുകയായിരുന്നു. 'നവീന്‍സ്' എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ട് വഴിയായിരുന്നു സന്ദേശം അയച്ചത്. മൂന്ന് മാസത്തിനിടെ നിരവധി ഫേക്ക് അക്കൗണ്ടുകളിലൂടെയും പ്രതി നടിക്ക് സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നവംബര്‍ 1 ന് നടി നേരിട്ട് കണ്ടും യുവാവിനെ വിലക്കിയിരുന്നു. പരാതിയില്‍ അന്നപൂര്‍ണ്ണേശ്വരി നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്.




