03 November, 2025 01:34:25 PM


കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു



തമിഴ്നാട്: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇരുപതുകാരിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് സംഭവം ഉണ്ടായത്. സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബൃന്ദാവൻ നഗർ - എസ്‌ഐ‌എച്ച്‌എസ് കോളനി റോഡിന് സമീപം വിദ്യാർഥിനി ആൺസുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ഇത് കണ്ട മൂന്നംഗ സംഘം ഇരുവരും ഇരുന്ന കാറിന് സമീപത്തേക്ക് വന്നു. കാറിൻ്റെ ഗ്ലാസ് ഒരു കല്ല് ഉപയോഗിച്ച് തകർത്ത ശേഷം സുഹൃത്തിനെ ആക്രമിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി. ഒരു വിജനമായ സ്ഥലത്തെത്തിച്ച് മൂവരും വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം പൊലീസ് കോളേജ് വിദ്യാർഥിയെ ഒരു വിജനമായ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിലും ആൺസുഹൃത്തിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നംഗ സംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K