30 October, 2025 11:53:29 AM


അതിഥി കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി



കോഴിക്കോട്: ഏഴു വയസുകാരി അതിഥി എസ്. നമ്പൂതിരിയുടെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തംശിക്ഷ വിധിച്ച് ഹൈക്കോടതി. അതിഥിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാംഭാര്യ ദേവിക അന്തർജനം എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.

സുബ്രഹ്മണ്യൻ നമ്പൂതിരിക്കും ഭാര്യയ്ക്കും വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം ആവശ്യം ഉന്നയിച്ചു. ദ്യക്സാക്ഷികളോ ക്യത്യമായ തെളിവുകളോ ഇല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.

2013 ഏപ്രില്‍ 29-നാണ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിന് പിന്നാലെയാണ് ഏഴു വയസുകാരി അതിഥി മരിച്ചത്. കേസിൽ പ്രതികൾക്ക് യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. 

ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിൻ്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K