24 October, 2025 06:33:37 PM
'എസ്‌ഐ നാലു തവണ ബലാത്സംഗം ചെയ്തു'; കൈപ്പത്തിയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയില്‍ എഴുതിവെച്ചതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത്. സതാരയിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ്ഐ ഗോപാല്‍ ബാഡ്‌നേയ്ക്കെതിരെയാണ് ആരോപണം.
അഞ്ച് മാസത്തിനിടയില്‍ നാല് തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയിരിക്കുന്നത്. എസ്‌ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കൈവള്ളയില്‍ എഴുതിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്‌ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവില്‍ സസ്‌പെന്‍ഡ് ചെയ്തു.
'ഞാന്‍ മരിക്കുന്നതിന് കാരണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബാഡ്‌നേയാണ്. അയാള്‍ എന്നെ നാല് തവണ പീഡിപ്പിച്ചു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക ശാരീരിക ഉപദ്രവങ്ങള്‍ക്കും വിധേയമാക്കി', കൈവള്ളയിലെഴുതിയ കുറിപ്പില്‍ പറയുന്നു.
നേരത്തെ ജൂണ്‍ 19ന് ഇയാള്‍ക്കെതിരെ ഡിഎസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. രണ്ട് പൊലീസുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചു. ബാഡ്‌നേയെ കൂടാതെ സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാഡ്പുട്രെ എന്നിവരുടെ പേര് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. താന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.




