24 October, 2025 10:21:27 AM
പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; കള്ളക്കുറിച്ചിയില്‍ അമ്മയെ 14-കാരൻ തല്ലിക്കൊന്നു

കള്ളക്കുറിച്ചി: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ അമ്മയെ മകന്‍ തല്ലിക്കൊന്നു. പതിനാല് വയസുള്ള മകനാണ് 40 വയസുള്ള മഹേശ്വരിയെ കൊലപ്പെടുത്തിയത്. കൃഷിയിടത്താണ് മൃതദേഹം കണ്ടെത്തിയത്. പഠിക്കാത്തതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
ഒക്ടോബര്‍ 20 നാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഷര്‍ട്ടിന്റെ ബട്ടണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കൊലയാളിയെ തിരിച്ചറിഞ്ഞത്. മഹേശ്വരി കന്നുകാലികള്‍ക്ക് പുല്ല് വെട്ടാന്‍ വയലിലേക്ക് പോയിരുന്നു. എന്നാല്‍, വളരെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ചു.
തെരച്ചിലിനിടെയാണ് മഹേശ്വരിയുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. ഉടന്‍ തിരുനാവാലൂര്‍ പൊലീസ് സ്ഥലത്തെത്തി മഹേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വില്ലുപുരത്തെ മുണ്ടിയമ്പാക്കത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മഹേശ്വരിയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.




