16 October, 2025 12:35:37 PM


നെന്മാറ സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച



പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാൾ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. പ്രതിയായ ചെന്താമര കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊലനടത്തിയതിനെക്കുറിച്ചും പ്രൊസിക്യൂഷൻ സൂചിപ്പിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.

എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിത്. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു.

അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951