06 October, 2025 08:54:37 AM


പ്രണയം നടിച്ച് വീട്ടമ്മയിൽ നിന്ന് 10 പവൻ സ്വർണം തട്ടിയെടുത്തു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ



കാസര്‍കോട്: നീലേശ്വരത്ത് പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്റെ സ്വര്‍ണം കവര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നിലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ബൈജു അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള സ്ത്രീയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെടുകയും പണയം വയ്ക്കാന്‍ എന്ന പേരില്‍ സ്വര്‍ണം വാങ്ങിക്കുകയുമായിരുന്നു. സ്വര്‍ണം കൈക്കലാക്കിയ ശേഷം ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവച്ചു. കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ സ്ത്രീ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച മെഡിക്കല്‍ കോളേജ് പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായം കൂടി തേടുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു വീട്ടമ്മയും സമാനരീതിയില്‍ കബളിക്കപ്പെട്ടിരുന്നു. വീട്ടമ്മ പരാതി നല്‍കിയെങ്കിലും പണം തിരികെ നല്‍കിയതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K