30 September, 2025 10:04:45 AM
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ വയോധികന് കുത്തേറ്റു

ആലപ്പുഴ: ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികന് കുത്തേറ്റു. കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിൽ കുത്തേറ്റത്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതി അമ്പലപ്പുഴ അയ്യന്‍ കോയിക്കല്‍ വിനോദിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷനിലെ ബവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലാണ് സംഭവം. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലി റാഫിയും വിനോദും തമ്മിൽ വാക്കുതർക്കമുണ്ടായി. തെറിവിളിച്ചതോടെ പ്രകോപിതനായ വിനോദ് പരിസരത്ത് കിടന്ന ബിയര്‍ കുപ്പിപൊട്ടിച്ച് റാഫിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴുത്തിലെ പ്രധാന ഞരമ്പിന് മുറിവേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൗത്ത് പോലീസ്ബി പ്രതിയെ ബിവറേജിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.