27 September, 2025 04:01:46 PM
ആറ്റിങ്ങലിൽ ജ്വല്ലറി വ്യാപാരിയെ ആക്രമിച്ച് രണ്ടര ലക്ഷം തട്ടി: 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പണയ സ്വർണം എടുക്കാനുണ്ടെന്ന് ധരിപ്പിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടു പോയി വ്യാപാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. ചിറയിൻ കീഴിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രതികളായ അഭിലാഷ് (38), അനൂപ് (27), ശരത്ത് (28), മഹി (23) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ചിറയിൻകീഴ് ശ്രീകൃഷ്‌ണ ജൂവലറി വർക്‌സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജൻ (40) ആണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം.
പാങ്ങോടുള്ള ധനകാര്യ സ്‌ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് അഭിലാഷ് അറിയിച്ചത് അനുസരിച്ചാണ് സാജനും കടയിലെ ജോലിക്കാരനും നാലര ലക്ഷം രൂപയുമായി അഭിലാഷ് പറഞ്ഞു വിട്ട ഓട്ടോയിൽ പുറപ്പെട്ടത്. ശരത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ബൈപ്പാസ് നിർമാണം നടക്കുന്ന രാമച്ചംവിളയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയുടെ പിന്നിൽ പതുങ്ങിയിരുന്ന രണ്ട് പേർ കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ച് രണ്ടര ലക്ഷം രൂപ കവർന്നെന്നായിരുന്നു പരാതി. കേസെടുത്ത പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.