18 September, 2025 11:46:45 AM
എ കെ ആന്‍റണിക്ക് വൈകിയ വേളയിൽ തിരിച്ചറിവ് വന്നത് നല്ലത്- സി കെ ജാനു

കൽപറ്റ: മുൻ മുഖ്യമന്ത്രി ആന്റണിയുടെ മുത്തങ്ങ പരാമർശത്തിൽ മറുപടിയുമായി സി കെ ജാനു. എ കെ ആന്‍റണിക്ക് വൈകിയ വേളയിൽ തിരിച്ചറിവ് വന്നത് നല്ലതെന്ന് സി കെ ജാനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. അന്ന് നടന്ന കാര്യങ്ങൾക്ക് മാപ്പ് നൽകാൻ സാധിക്കില്ല. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി പേരാണ് സർക്കാരിൻ്റെ നരനായാട്ടിന് ഇരയായത്. മുത്തങ്ങയിലെ ആദിവാസികൾക്ക് ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും സി കെ ജാനു പറഞ്ഞു.
'അന്ന് ചെയ്തത് തെറ്റായിപ്പോയി എന്നത് തിരിച്ചറിഞ്ഞു. നടന്ന കാര്യങ്ങൾക്ക് മാപ്പ് സാധ്യമാകില്ല. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി പേർക്ക് നേരെ നടന്നത് ഗവൺമെന്റിന്റെ നരനായാട്ടാണ്. ആദിവാസികൾ അനുഭവിച്ച വേദനയ്ക്ക് ഭരണ സംവിധാനം മാപ്പ് അർഹിക്കുന്നില്ല. രാഷ്ട്രീയമായി ഉന്നയിച്ച ആവശ്യമാണ് പരിഹരിക്കേണ്ടത്. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി നൽകണം. ആദിവാസികൾക്ക് ഭൂമി നൽകുന്ന പദ്ധതി കൊണ്ട് വന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ്. 283 പേർക്കായി വിവിധയിടങ്ങളിൽ ഭൂമി കണ്ടെത്തിയെങ്കിലും എവിടെയാണെന്ന് പലർക്കും അറിയില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം', അവർ പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപണമുന്നയിച്ചതോടെയാണ് കെപിസിസി ആസ്ഥാനത്ത് ആൻറണി വാർത്തസമ്മേളനം വിളിച്ചത്. ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താൻ മൂന്നുതവണ കേന്ദ്രത്തിൻറെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്നും ആന്റണി വ്യക്തമാക്കി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നതെന്നും ആന്റണി പറഞ്ഞു.
ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആന്‍റണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരപൂർവമായ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളത്. 1995ൽ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാൽ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിർഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ശിവഗിരിയിൽ ആദ്യം പൊലീസ് ഇടപെടൽ നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല. ഹൈക്കോടതി ജഡ്ജിയിൽനിന്നും നിർദേശം വന്നതോടെയാണ് ഇടപെട്ടത്. എന്ത് പ്രത്യാഘാതം ഉണ്ടായാലും പൊലീസ് അധികാരങ്ങൾ ഉപയോഗിക്കണം എന്നായിരുന്നു ജഡ്ജിയുടെ നിർദേശം. കോടതിയലക്ഷ്യം ഉണ്ടാകുമെന്നും ജഡ്ജി വ്യക്തമാക്കിയതോടെയാണ് പൊലീസിനെ ഉപയോഗിക്കേണ്ടി വന്നത്. അന്ന് അവിടെ ഓടിക്കൂടിയവർ പലതരക്കാരാണെന്നും അതൊന്നും താൻ വിശദീകരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. സർക്കാരല്ല ശിവഗിരിയിലെ സാഹചര്യം ഉണ്ടാക്കിയതെന്നും അത് ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ആന്റണി വ്യക്തമാക്കി.